ഒരവധിക്കാലം കൂടി വീടിന് പുറത്ത് കുട്ടികള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് സ്കൂളിലാണ്. സ്കൂള്‍ എന്നാല്‍ കുട്ടികള്‍ക്ക് വായിക്കാനും, എഴുതാനും, കണക്ക് ചെയ്യാനും ചരിത്രം ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കാണാപാഠം പഠിക്കാനുള്ള ഒരു സ്ഥലം മാത്രമാണെന്നാണ് കൂടുതല്‍ ആളുകളും കരുതുന്നത്. എന്നാല്‍ അവിടം അതിനേക്കാളുപരി മറ്റ് പലതുമാണ്. സ്കൂളിലെ ജീവിതമാണ് കുട്ടികളെ മറ്റുള്ളവരുമായി ഒത്ത്പോകാനും മുതിര്‍ന്നവരായിത്തീരാനുള്ള പാഠങ്ങള്‍ പഠിക്കാന്‍ പ്രാപ്തരക്കുന്നത്. മിക്ക കുട്ടികളും വീട് വിട്ട് സമയം ചിലവഴിച്ച് തുടങ്ങുന്നത് സ്കൂളില്‍ പോയി തുടങ്ങുമ്പോഴാണ്. കുടുംബാംഗങ്ങളെ മാത്രം കണ്ട് ശീലിച്ച കുഞ്ഞ് വീടിന് പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെ ധാരാളം ആളുകള്‍ ജീവിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നത് അപ്പോഴാണ്. താന്‍ സമൂഹത്തിന്‍റെ ഒരു ഭാഗമാണെന്ന തിരിച്ചറിവും കുഞ്ഞിനുണ്ടാകുന്നു. കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍ സ്കൂളുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. സ്കൂള്‍ ജീവിതം വിശാലവും വൈവിധ്യവുമാര്‍ന്നതുമായ അനുഭവങ്ങളാണ് അവര്‍ക്ക് പകര്‍ന്ന് നല്കുന്നത്. മറ്റ് മതങ്ങളും വ്യത്യസ്ത ചിന്തകളും വിശ്വാസ പ്രമാണങ്ങളുമുള്ള കുട്ടികളുമായി കുഞ്ഞിന് സമ്പര്‍ക്കമുണ്ടാവുന്നത് സ്കൂളില്‍വെച്ചാണ്. വിദ്യാലയാന്തരീക്ഷം എന്നത് കുട്ടിയുടെ വളര്ച്ചറയില്‍ ഗൌരവമായി പരിഗണിക്കേണ്ട ഘടകം തന്നെയാണ്. അക്ഷരത്തിന്‍റെ പുതിയ ലോകത്തിലേക്ക് പിച്ചവെക്കുന്ന ആയിരങ്ങള്‍ക്ക് വിജ്ഞാനത്തിന്‍റെ വലിയലോകം കീഴടക്കാനുള്ള കരുത്ത് ലഭിക്കട്ടേ എന്ന് ലൈഫ് സ്റ്റൈല്‍ കേരളം ആശംസിക്കുന്നു. ഒപ്പം രക്ഷിതാക്കളോട് കരുതലും സൂക്ഷ്മതയും ഓര്‍മ്മപ്പെടുത്തുന്നു.